കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തി ശ്രദ്ധനേടിയ ഷവോമി റെഡ്മി നോട്ട് 3 ഫോണിന് പിന്നാലെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 4 ഇപ്പോള്‍ ഇന്ത്യയിലുമെത്തിയിരിക്കുന്നു. ജനുവരി 23ലെ ആദ്യ സെയിൽസ് തീർന്നു, ഇനി അടുത്തത് ജനുവരി 30ന്. വാങ്ങാം ഇവിടെ നിന്നും

2 ജിബി റാമിനൊപ്പം 16 ജിബി ആന്തരിക സംഭരണശേഷി, 3 ജിബി റാമിനൊപ്പം 32 ജിബി ആന്തരിക സംഭരണ ശേഷി, 4 ജിബി റാമിനൊപ്പം 64 ജിബി ആന്തരിക സംഭരണശേഷി എന്നീ മൂന്നു വ്യത്യസ്ത വേരിയന്റുകളില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഫോണ്‍.

സ്‌നാപ്ഡ്രാഗണ്‍  625 ഒക്ടാകോര്‍ പ്രൊസസര്‍ കരുത്തേകുന്ന ഫോണിന് അഡ്രീനോ 506 ജിപിയു മികച്ച  ഗെയിമിങ് വേഗം സമ്മാനിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോ അധിഷ്ഠിതമായ MiUI യില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് താമസിയാതെ ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് അപ്‌ഡേറ്റ് ലഭിക്കും. 

1920 x 1080  റെസലൂഷനുള്ള  5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ  2.5D കര്‍വ്ഡ് ഗ്ലാസ്സിന്റെ സംരക്ഷണത്തോടെയാണെത്തുന്നത്. 401 പിപിഐ പിക്‌സല്‍ സാന്ദ്രത നല്‍കുന്ന മിഴിവേറിയ ഡിസ്പ്ലെ ഫോണിന്റെ പ്രധാന ആകര്‍ഷണമാണ്. ഫോണിന്റെ സംഭരണ ശേഷി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെയുയര്‍ത്താന്‍ സാധിക്കും.

ഇരട്ട സിം കാര്‍ഡുകള്‍ (ഒരു മൈക്രോ സിം+ ഒരു നാനോ സിം) ഉപയോഗിക്കാവുന്ന ഫോണില്‍ ഹൈബ്രിഡ് സ്ലോട്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് പോരായ്മയാണ്. 4ജി  ഉള്‍പ്പടെ മിക്ക കണക്റ്റിവിറ്റി സൗകര്യങ്ങളും ലഭ്യമായ ഫോണിന്റെ 13  മെഗാപിക്‌സല്‍ പ്രധാന ക്യാമറ ബി.എസ്.ഇലൂമിനേറ്റഡ് സവിശേഷതയ്‌ക്കൊപ്പം ഫേസ് ഡിറ്റക്ഷന്‍ ആട്ടോ ഫോക്കസിംഗ് പ്രത്യേകതയുള്ളതാണ്. 5 മെഗാപിക്‌സല്‍ സെല്‍ഫിഷൂട്ടറുമായെത്തുന്ന ഫോണില്‍ അതിവേഗ പ്രതികരണശേഷിയുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. 

4100 എംഎഎച്ച് ശേഷിയുള്ള ബാറ്ററി കരുത്തുപകരുന്ന ഫോണില്‍ ഫിന്‍ ഫീല്‍ഡ് ഇഫക്ട് ട്രാന്‍സിസ്റ്റര്‍ (FinFET) സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സിസ്റ്റം ഓണ്‍ ചിപ്പ് നിര്‍മ്മാണം നടത്തിയിരിക്കുന്നതിനാല്‍ കുറഞ്ഞ ബാറ്ററി ഉപയോഗമാണ് റെഡ്മി നോട്ട് 4 വാഗ്ദാനം ചെയ്യുന്നത്.

ചൈനയില്‍ മീഡിയാടേക് ഹീലിയോ X20 ടെക്കാ കോര്‍ പ്രോസസറുമായി പുറത്തിറങ്ങിയ നോട്ട് 4, എറിക്സണ്‍ ഇന്ത്യയുമായുള്ള തര്‍ക്കത്തിന്റെ വെളിച്ചത്തില്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ ഘടിപ്പിച്ചാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഒരു അത്യാധുനിക പ്രോസസറിന്റെ സൗകര്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരം ഷവോമിയുടെ ഈ നീക്കത്തോടെ നഷ്ടമായി.  

റെഡ്മി നോട്ട് 4

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ശരാശരി ഉപഭോക്താക്കള്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്-ക്യാമറ, ബാറ്ററി, പെര്‍ഫോമന്‍സ് എന്നിവയ്ക്ക്. ഇവയില്‍ ഏതെങ്കിലും ഒരു  വിഭാഗം പരാജയമാണെങ്കില്‍ ആ മോഡല്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് ചുരുക്കം. ഷവോമി റെഡ്മി  നോട്ട് 4 ന്റെ കാര്യത്തില്‍ പ്രധാന ക്യാമറ പ്രതീക്ഷിച്ചത്ര മികച്ചതല്ല എന്നാണു റിപ്പോര്‍ട്ടുകള്‍.

 f/2.0 എന്ന മെച്ചപ്പെട്ട അപ്പര്‍ച്ചറുമായി എത്തിരിക്കുന്ന പിന്‍ക്യാമറ സ്വാഭാവികമായും മികച്ച പ്രകടനം നടത്തേണ്ടതാണ്. എന്നാല്‍ പുറത്തെ വെളിച്ചത്തില്‍ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്ന ക്യാമറ ഇന്‍ഡോര്‍ ഫോട്ടോഗ്രാഫിക്ക് അനുയോജ്യമല്ല എന്നാണു സൂചന. 

കറുപ്പ്, ഗോള്‍ഡ്, ഇരുണ്ട ചാര നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ 2  ജിബി റാം 16 ജിബി ആന്തരിക സ്റ്റോറേജ് വേരിയന്റ് 9,999  രൂപയ്ക്കും, 3  ജിബി റാം 32 ജിബി ആന്തരിക സ്റ്റോറേജ് വേരിയന്റ് 10,999  രൂപയ്ക്കും, 4 ജിബി റാം 64 ജിബി ആന്തരിക സ്റ്റോറേജ് വേരിയന്റ് 12,999 രൂപയ്ക്കും വാങ്ങാം. 

Advertisements