ഡിജിറ്റൽ ഇടപാടുകൾ വേഗമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയെ രാജ്യത്തെ മുൻനിര കമ്പനികളുടെ സഹായം തേടി കേന്ദ്ര സർക്കാർ. മൊബൈൽ ഫോൺ നിര്‍മാണ കമ്പനികളുടെ സഹായമാണ് സർക്കാർ തേടിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് താങ്ങാവുന്ന ഹാൻഡ്സെറ്റ് വിപണിയിൽ ഇറക്കാനാണ് നിർദ്ദേശം.

ഇത് സംബന്ധിച്ചുള്ള ആദ്യഘട്ട ചർച്ചകൾ നീതി ആയോഗ് നടത്തി. ഇന്ത്യൻ ബ്രാൻഡുകളാണ് മൈക്രോമാക്സ്, ഇന്റക്സ്, ലാവ, കാർബൺ തുടങ്ങി കമ്പനികളോടാണ് 2000 രൂപയ്ക്ക് താഴെ വിലയുള്ള ഹാൻഡ്സെറ്റ് ഇറക്കാൻ ആവശ്യപ്പെട്ടുള്ളത്. എന്നാൽ ചൈനീസ് കമ്പനികളോ ആപ്പിൾ, സാംസങ് കമ്പനികളും ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ല.

ഡിജിറ്റൽ ഇടപാടുകൾ സാധ്യമാകുന്ന ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നത് സംബന്ധിച്ചാണ് ചർച്ച നടന്നത്. ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗപ്പെടുത്തിയുളള ഇടപാടുകൾക്ക് ഈ ഹാൻഡ്സെറ്റ് ഉപയോഗപ്പെടുത്താം. രണ്ടു മുതൽ രണ്ടര കോടി വരെ വിലകുറഞ്ഞ ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിക്കാനാണ് സര്‍ക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനായി സബ്സിഡി നല്‍കാൻ സർക്കാർ തയാറല്ല.

രാജ്യത്ത് എവിടെയും എപ്പോഴും ഓൺലൈൻ വഴി സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കണമെന്നതാണ് സർക്കാർ ലക്ഷ്യം. ആധാർ അടിസ്ഥാനമാക്കിയുള്ള, വിരൽ അടയാളം വെരിഫൈ ചെയ്ത് ഇടപാടുകൾ നടത്താൻ സാധിക്കുന്നതായിരിക്കണം ഇനി പുറത്തിറങ്ങുന്ന ഫോണുകളെന്നും സർക്കാർ നിർദ്ദേശം വെച്ചിട്ടുണ്ട്. എന്നാൽ 2000 രൂപ ഫോണിൽ ഫിംഗര്‍പ്രിന്റ് സ്കാനറും മികച്ച പ്രോസസറും ഉൾപ്പെടുത്താൻ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടാണെന്നാണ് മിക്ക കമ്പനികളും പ്രതികരിച്ചത്.

നിലവിൽ ഏറ്റവും വില കുറഞ്ഞ 3ജി ഫോണിനു ഏകദേശം 2500 രൂപ നല്‍കണം. 4ജി ഹാൻഡ്സെറ്റിനു ഇതിലും കൂടുതലാണ്. 100 കോടി മൊബൈൽ ഉപയോക്താക്കളിൽ 30 കോടി പേർ മാത്രമാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്. ഗ്രാമങ്ങളിൽ ഇതു വളരെ കുറവാണ്. 

Advertisements