ജിയോണിയുടെ പുതിയ M2017 പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഏകദേശം 68,400 രൂപയാണ് വില.  ലെതർ ബാക്ക് പാനലുള്ള 1,66,000 രൂപയുടെ ഹാൻഡ്സെറ്റു കൂടി ഇറക്കിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രീ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു. ഈ സമയം കൊണ്ടുതന്നെ ബുക്കിങ് ഫുള്‍ ആയി എന്നാണു ഇപ്പോൾ കാണിക്കുന്നത്.

ഏറെ സവിശേഷതകള്‍ നിറഞ്ഞ ഫോണാണ് M2017. ബാറ്ററി ശേഷിയാണ് ഏറ്റവും പ്രധാനം. 3500mAh ന്റെ രണ്ടു ബാറ്ററികളാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. ഇതുകൊണ്ടു തന്നെ മൊത്തത്തില്‍ 7000mAh ശേഷി കിട്ടും. കൂടെ ക്യുക്ക് ചാർജ് 3.0 ഫീച്ചറുമുണ്ട്. ഇതിനു 25.89 മണിക്കൂര്‍ വിഡിയോ പ്ലേബാക്ക് ടൈമും 915.42 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ഫോണിൽ ഡ്യുവല്‍ സിം ഉപയോഗിക്കാം‍. 5.7-ഇഞ്ച് ക്യുഎച്ച്ഡി അമോൾഡ് ഡിസ്പ്ലെയ്ക്ക് 518ppi പിക്‌സല്‍ ഡെന്‍സിറ്റിയുണ്ട്. ഒക്ടാ കോർ ക്വാൽകം സ്നാപ്ഡ്രാഗൻ 653 SoC ന്റെ കരുത്തോടെ എത്തുന്ന ഫോണിന് 6 ജിബി റാമാണുള്ളത്. അമിഗോ 3.5 യുഐ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്ഡ് മാഷ്മലോയാണ് ഒഎസ്.

പിന്‍വശത്ത് 12 മെഗാപിക്സൽ + 13 മെഗാപിക്സൽ ഇരട്ട ക്യാമറയുണ്ട്. 2X ഒപ്ടിക്കൽ സൂം, 8X ഡിജിറ്റൽ സൂമാണ് ഈ ക്യാമറകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 128 GB ഇന്‍ബില്‍റ്റ് സ്റ്റോറേജുള്ള ഫോണിനു മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവില്ല.

155.2×77.6×10.78mm വലുപ്പമുള്ള ഫോണിന് 238 ഗ്രാം ഭാരമുണ്ട്. മുന്‍വശത്ത് ഫിംഗർപ്രിന്റ് സ്കാനറുണ്ട്. 4G, GPS, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സാധാരണ ഫോണുകളില്‍ കാണുന്ന പോലെ 3.5 mm ഹെഡ്ഫോൺ ജാക്ക് ഇല്ല. പകരം യുഎസ്ബി ടൈപ്–സി പോർട്ടാണ് ഇതിനുള്ളത്. ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റുകൾ ലഭ്യമാവുക. പുതിയ ഫോൺ മറ്റു രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ കമ്പനി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.