കൊഡാക് എന്നു കേൾക്കുമ്പോൾ ആദ്യം മനസിൽ എത്തുന്നത് കാമറയാണ്. ഫോട്ടോഗ്രഫിയെ സാധാരണക്കാർക്ക് പരിചയപ്പെടുത്തിയത് കൊഡാക്ക് കമ്പനിയുടെ ഉത്പന്നങ്ങളായിരുന്നു. 1990ന് ശേഷം ഫിലിം വ്യവസായത്തിന് തകർച്ച നേരിടുകയും ഡിജിറ്റൽ ഫോട്ടോഗ്രഫി വളർന്ന് വരികയും ചെയ്തതോടെ കൊഡാക് കമ്പനിയെ ആളുകൾ മറന്നുതുടങ്ങി. ഇപ്പോൾ വീണ്ടും സ്മാർട്ട് ഫോൺ നിർമാണത്തിലൂടെ വിപണിയിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് കൊഡാക്. 

എക്ട്രാ എന്ന സ്മാർട്ട് ഫോണാണ് കൊഡാക് പുതിയതായി അവതരിപ്പിച്ചത്. കൊഡാക് ഒരു ഫോൺ അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ കാമറയെക്കുറിച്ചായിരിക്കും ഏവരുടെയും ശ്രദ്ധ. 21 എംപി ഓട്ടോഫോക്കസ് കാമറയാണ് എക്ട്രായ്ക്കു കൊഡാക് നൽകിയിരിക്കുന്നത്. മാത്രമല്ല വെളിച്ചത്തിനായി ഇരട്ട എൽഇഡി ഫ്ളാഷും നൽകിയിരിക്കുന്നു. 13 എംപിയാണ് മുൻ കാമറ. എക്ട്രാ ഉപയോഗിച്ച് 4കെ റെസലൂഷനിൽ വീഡിയോ ഷൂട്ടു ചെയ്യാനും സാധിക്കും. 

ഷട്ടർ സ്പീഡ്, ഐഎസ്ഒ റേറ്റിംഗ് തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ഓപ്ഷനും ഫോണിന് നൽകിയിട്ടുണ്ട്. സ്മാർട്ട് ഓട്ടോ, എച്ച്ഡിആർ, പോട്രറ്റ്, മാനുവൽ, സ്പോർട്സ്, നൈറ്റ് മോഡ്, പനോരമ, മാക്രോ തുടങ്ങിയ കാര്യങ്ങളും എക്ട്രായ്ക്കു കൊഡാക് നൽകിയിട്ടുണ്ട്. അഞ്ച് ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണിന് മൂന്നു ജിബി റാമുള്ള ഡെക്കാ കോർ ഹെലിയോ എക്സ്20 പ്രൊസസറാണ് നൽകിയിരിക്കുന്നത്. 32 ജിബി ഇൻബിൽറ്റ് മെമ്മറിയും ഫോണിന് 3,000 എംഎഎച്ച് ബാറ്ററി കരുത്ത് നൽകുന്നു. 

Advertisements