മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ടിന്റെ ബിഗ് ഡേയ്‌സ് ഷോപ്പിംഗ് സെയിൽ ഞായറാഴ്ച തുടങ്ങും. ഷോപ്പിങ് മാമാങ്കത്തിനു മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം വൻ ഓഫറുകളാണ് നൽകുന്നത്.

ഉല്‍പന്നങ്ങളുടെ യഥാര്‍ഥ വില എത്രയാണെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഏകദേശം എല്ലാ ഉല്‍പ്പന്നങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസ് 3 ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണില്‍ ഇപ്പോഴും പഴയ വിലയ്ക്കു തന്നെ ലഭ്യമാണ്. എന്നാല്‍ എങ്ങനെയാണ് ഇത്രയും വില കുറച്ച് ഫ്ലിപ്കാര്‍ട്ടിനിത് നല്‍കാന്‍ സാധിക്കുന്നതെന്നത് രഹസ്യമാണ്. വണ്‍ പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ് വെള്ളിയാഴ്ച ട്വിറ്ററിലൂടെ ഇതേ കാര്യത്തില്‍ തന്റെ അദ്ഭുതം പങ്കു വച്ചിരുന്നു.

വണ്‍ പ്ലസ് കൂടാതെ മറ്റു ചില ഫോണുകളും ഫ്ലിപ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കും. മോട്ടോ ഇ3 പവർ (നിലവിലെ വില 7,999 രൂപ), ഐഫോൺ 6 16GB (നിലവിലെ വില 36,990 രൂപ), ലെനോവോ കെ5 നോട്ട്, ലീക്കോ എൽ 2, ഗ്യാലക്സി ഓൺ8, ഗ്യാലക്സി ഓൺ നെക്സ്റ്റ്, ലെനോവോ ഫാബ് 2 എന്നിവയാണ് ഇവയില്‍ ചിലത്.

സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ മറ്റു ചില ഗാഡ്ജറ്റുകള്‍ക്കും ഓഫറുകളുണ്ട്‍. ആപ്പിൾ മാക്ബുക്ക് പ്രോ ലാപ്ടോപ്, സാംസങ് ഗിയർ ഫിറ്റ് 2 എന്നിവയാണ് അവ. കൂടാതെ ആപ്പിള്‍ വാച്ച്, മോട്ടോ 360 ജൻ2 എന്നിവയ്ക്കും ഓഫര്‍ ലഭ്യമാണ്. ഇതുകൂടാതെ സ്കൾകാൻഡി ഹെഡ്ഫോൺ, ഐപ്രോ പവർബാങ്ക് (10400mAh), മി 10000mAh പവർ ബാങ്ക്, ഫിലിപ്സ് യുഎസ്ബി ട്രിമ്മർ എന്നീ ഉല്‍പന്നങ്ങള്‍ക്കുമുണ്ട് ഓഫറുകള്‍.

മാക്രോമാക്സ്, വു, സാംസങ് എന്നീ കമ്പനികളുടെ ടെലിവിഷനുകള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്റര്‍ എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്.

Advertisements